പഴയ പാർലമെന്റ് മന്ദിരത്തിന്റെ ചരിത്രം

1912-13 കാലഘട്ടത്തിൽ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിന്റെ മാതൃകയിൽ ബ്രിട്ടീഷ് വാസ്തുശില്പികളായ സർ എഡ്വിൻ ല്യൂട്ടൻസ്, ഹെർബർട്ട് ബേക്കർ എന്നിവരാണ് പാർലമെന്റ് മന്ദിരത്തിൻ്റെ രൂപകൽപന നിർവഹിച്ചത്. 1918ൽ കെട്ടിടത്തിന് വൃത്താകൃതിയിലുള്ള ഘടന മതിയെന്ന് തീരുമാനമായി. ഇത് കൊളോസിയം മാതൃകയിലുള്ള ഒരു രൂപം കെട്ടിടത്തിന് ലഭിക്കാൻ സഹായിക്കുമെന്നായിരുന്നു അവർ കരുതിയത്. എന്നാൽ മധ്യപ്രദേശിലെ ചൗസത്ത് യോഗിണി ക്ഷേത്രത്തിന്റെ ഘടനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പാർലമെന്റ് കെട്ടിടത്തിന് വൃത്താകൃതി നല്കിയതെന്നൊരു പ്രചാരണമുണ്ട്. പക്ഷേ ഇതിനെ സാധൂകരിക്കുന്ന ചരിത്രരേഖകൾ ലഭ്യമല്ല.

1921 ൽ രണ്ടായിരത്തി അഞ്ഞൂറോളം കല്പണിക്കാരും തൊഴിലാളികളും ചേർന്ന് കല്ലുകളും മാർബിളുകളും രൂപഘടന വരുത്തുന്ന ജോലികള്‍ ആരംഭിച്ചു. ക്രെയിൻ ഉൾപ്പടെ അന്ന് ലഭ്യമായ സാങ്കേതിക വിദ്യയുടെ ഉപയോഗവും ഒപ്പം അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളും കൂടി ആയപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അദ്ഭുതകരമായ വേഗം കൈവന്നു. 1922 അപ്പോഴേക്കും കെട്ടിടത്തിന്റെ ഫൗണ്ടേഷൻ നിർമ്മാണം പൂർത്തിയായി. 1923ൽ നോർത്ത്-സൗത്ത് ബ്ലോക്കുകളുടെ നിർമ്മണം വളരെ മുന്നോട്ട് പോവുകയും കൗൺസിലിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 1927 ജനുവരി 18 ന് ഇന്ത്യൻ വൈസ്രോയി ഇർവിൻ പ്രഭു മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിൽ ഹൗസ് എന്നായിരുന്നു മന്ദിരത്തിന് പേര് നൽകിയത്.

ബ്രിട്ടീഷ് ഗവണ്‍മെന്‍റിനു കീഴില്‍ കേന്ദ്ര നിയമസഭയുടെ മൂന്നാമത്തെ സെഷൻ 1927 ജനുവരി 19 ന് ഈ മന്ദിരത്തിൽ നടന്നു. സ്വാതന്ത്ര്യത്തിന് ശേഷം 1950 വരെ മന്ദിരം ഭരണഘടനാ അസംബ്ലിയുടെ ആസ്ഥാനമായി പ്രവർത്തിച്ചു. രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ഭരണഘടന രൂപീകരിച്ചതും ഈ മന്ദിരത്തിലാണ്. 1956 ആയപ്പോഴേക്കും കെട്ടിടത്തിൽ രണ്ട് നിലകൾ കൂടി കൂട്ടിച്ചേർത്തു. കൂടുതൽ സ്ഥലം ആവശ്യമായതിനാലായിരുന്നു ഈ നവീകരണം. തുടർന്നുള്ള വർഷങ്ങളിൽ എയർ കണ്ടീഷണറുകൾ, ഡിജിറ്റൽ സ്‌ക്രീനുകൾ, ഡിജിറ്റൽ വോട്ടിംഗ് സംവിധാനം എന്നിങ്ങനെയുള്ള നവീകരണങ്ങളുമുണ്ടായി. 2006 ൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ബൃഹത്തായ ചരിത്രം ആലേഖനം ചെയ്യുന്നതിനായി പാർലമെന്റ് മ്യൂസിയവും കൂട്ടിചേർത്തു.

Leave a Reply

avatar
  Subscribe  
Notify of
Top