സെപ്റ്റംബര്‍ 15ന് ഇന്ത്യ എഞ്ചിനീയര്‍ ദിനം

പ്രശസ്ത ഇന്ത്യന്‍ എഞ്ചിനീയറായ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മവാര്‍ഷികത്തിന്റെ ഓര്‍മയ്ക്കായാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 15ന് ഇന്ത്യ എഞ്ചിനീയര്‍ ദിനം ആഘോഷിക്കുന്നത്. ‘ആധുനിക മൈസൂരിന്റെ പിതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാരതരത്‌ന വിശ്വേശ്വരയ്യയോടുള്ള ആദരസൂചകമായാണ് എഞ്ചിനീയര്‍ ദിനം ആഘോഷിക്കുന്നത്.

പ്രഗത്ഭനായ സിവില്‍ എഞ്ചിനീയര്‍, വിദ്യാഭ്യാസ വിദഗ്ധന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍, ഇരുപതാം നൂറ്റാണ്ടിലെ പണ്ഡിതന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വിശ്വേശ്വരയ്യ എഞ്ചിനീയറിംഗ് മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. എന്നാല്‍ യുനെസ്‌കോ എല്ലാ വര്‍ഷവും മാര്‍ച്ച് 4 ന് ആണ് ലോക എഞ്ചിനീയര്‍ ദിനം ആഘോഷിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇന്നാണ് എഞ്ചിനീയര്‍ ദിനം ആചരിക്കുന്നത്.

ആരായിരുന്നു മോക്ഷഗുണ്ടം വിശ്വേശ്വരയ്യ? എഞ്ചിനീയര്‍ ദിനത്തില്‍, വിശ്വേശ്വരയ്യ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ രാഷ്ട്രം അനുസ്മരിക്കും. 1861ല്‍ കര്‍ണാടകയില്‍ ജനിച്ച വിശ്വേശ്വരയ്യ മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് (ബിഎ) പഠിക്കുകയും തുടര്‍ന്ന് പൂനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗ് പഠിക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയര്‍മാരില്‍ ഒരാളായി ഇദ്ദേഹം മാറി.

ബോംബെ ഗവണ്‍മെന്റിന്റെ പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ച വിശ്വേശ്വരയ്യ മൈസൂര്‍, ഹൈദരാബാദ്, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി സാങ്കേതിക പദ്ധതികളില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ്. 1912ല്‍ മൈസൂര്‍ ദിവാനായി നിയമിതനായ അദ്ദേഹം ചീഫ് എഞ്ചിനീയറായാണ് നഗരത്തിലെ പ്രശസ്തമായ കൃഷ്ണ രാജ സാഗര അണക്കെട്ട് നിര്‍മ്മിച്ചത്.

ബാങ്കിംഗ്, വിദ്യാഭ്യാസം, വാണിജ്യം, കൃഷി, ജലസേചനം, വ്യവസായവല്‍ക്കരണം എന്നീ മേഖലകളില്‍ വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന അദ്ദേഹം ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിലും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ സുപ്രധാന സംഭാവനകള്‍:
1899 ല്‍ ഡെക്കാന്‍ കനാലിലെ ജലസേചന സംവിധാനവും ഹൈദരാബാദിലെ വെള്ളപ്പൊക്ക സംരക്ഷണ സംവിധാനവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളില്‍ ഉള്‍പ്പെടുന്നു.
1903 ല്‍ പൂനെയിലെ ഖഡക്വാസ്ല റിസര്‍വോയറില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് വാട്ടര്‍ ഫ്‌ലഡ്ഗേറ്റുകള്‍ക്ക് പിന്നീട് പേറ്റന്റ് നേടി. അദ്ദേഹത്തിന്റെ ഈ സംഭാവനയ്ക്ക് ഭാരത സര്‍ക്കാര്‍ ‘ഭാരത രത്ന’ നല്‍കി അനുമോദിച്ചു.

1917ല്‍ അദ്ദേഹം ബെംഗളൂരുവില്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ചു, പിന്നീട് യൂണിവേഴ്‌സിറ്റി വിശ്വേശ്വരയ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. കൃഷ്ണരാജ സാഗര്‍ ഡാമിന്റെ ശില്പിയായ അദ്ദേഹം ഹൈദരാബാദിലെ വെള്ളപ്പൊക്ക സംരക്ഷണ സംവിധാനത്തിന്റെ ചീഫ് എഞ്ചിനീയര്‍മാരില്‍ ഒരാളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജലസേചന വിദ്യകള്‍ക്ക് പേരുകേട്ട അദ്ദേഹത്തിന് പ്രളയദുരന്ത മാനേജ്‌മെന്റിലും വൈദഗ്ധ്യം ഉണ്ടായിരുന്നു.’റീ കണ്‍സ്ട്രക്റ്റിംഗ് ഇന്ത്യ’, ‘ പ്ലാന്‍ഡ് ഇക്കണോമി ഓഫ് ഇന്ത്യ’ തുടങ്ങിയ വിവിധ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

എഞ്ചിനീയര്‍ ദിനം 2021  തീം: 2021ലെ എഞ്ചിനീയര്‍ ദിനത്തിന്റെ പ്രമേയം ‘ആരോഗ്യമുള്ള ഒരു ഗ്രഹത്തിനായുള്ള എഞ്ചിനീയറിംഗ്- യുനെസ്‌കോ എഞ്ചിനീയറിംഗ് റിപ്പോര്‍ട്ട് ആഘോഷിക്കുന്നു’ ( ‘Engineering for A Healthy Planet- Celebrating the UNESCO Engineering Report’) എന്നതാണ്. കഴിഞ്ഞ വര്‍ഷം, ‘ഒരു സ്വാശ്രയ ഇന്ത്യയ്ക്കുള്ള എഞ്ചിനീയര്‍മാര്‍’ എന്നതായിരുന്നു വിഷയം.

Leave a Reply

avatar
  Subscribe  
Notify of
Top