രണ്ട് വർഷം കൊണ്ട് 17000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ബി എം ബി സി നിലവാരത്തിലാക്കി: മന്ത്രി മുഹമ്മദ് റിയാസ്

***നവീകരിച്ച ജവഹർ നഗറിലെ റോഡുകൾ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

രണ്ട് വർഷം കൊണ്ട് 17,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ബി എം ബി സി നിലവാരത്തിലാക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അഞ്ച് വർഷം കൊണ്ട് 50 ശതമാനം റോഡുകൾ ബി എം ബി സി നിലവാരത്തിൽ ആക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ രണ്ട് വർഷം കൊണ്ട് തന്നെ അതിലേറെ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ബി എം ബി സി നിലവാരത്തിൽ നവീകരിച്ച വട്ടിയൂർക്കാവ് ജവഹർ നഗറിനുള്ളിലെ റോഡുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത രാജ്യത്തെ റോഡുകളോട് കിടപിടിക്കുന്ന തരത്തിൽ കേരളത്തിലെ പൊതുമരാമത്ത് റോഡുകൾ മാറുകയാണ്. ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന് പ്രഖ്യാപിച്ച് റോഡുകളിൽ ഡി എൽ പി ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. റണ്ണിങ് കോൺട്രാക്ട് വന്നതോടെ റോഡുകളുടെ നിലവാരം വലിയ തോതിൽ മെച്ചപ്പെട്ടു. മരാമത്ത് പ്രവർത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ശക്തവും കാര്യക്ഷമവുമായ ഇടപെടലുകളാണ് വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1.6 കോടി രൂപ ചെലവഴിച്ചാണ് റോഡുകൾ നവീകരിച്ചത്. കവടിയാറിനെയും ശാസ്തമംഗലത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ജവഹർ നഗർ പാർക്കിന് സമീപം നടന്ന ഉദ്ഘാടന പരിപാടിയിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ശാസ്തമംഗലം, കവടിയാർ വാർഡ് കൗൺസിലർമാർ, ട്രിഡ ചെയർമാൻ കെ. സി. വിക്രമൻ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

date
06-07-2023

Leave a Reply

avatar
  Subscribe  
Notify of
Top